ചോക്കലെറ്റിൻ്റെ ഉപയോഗം കുറയ്ക്കുക.

/ Thomas Abraham


ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളെ അഭിനന്ദിക്കുന്നതിനു കൂടിയ ഒരു യോഗത്തിൽ കുട്ടികളുടെ പഠനശേഷിക്ക് ചോക്കലേറ്റു കഴിക്കുന്നതു നല്ലതാണെന്നു പറഞ്ഞതായി കേട്ടു.

സകൂളുകളിലും കുട്ടികളുടെ ബോധവൽക്കരണ പരിപാടികളിലും ഈ ഉപദേശം മുഴങ്ങി കേൾക്കാറുണ്ട്.അവിടെ കൂടിയിരുന്നു പ്രസംഗം കേൾക്കുന്ന കുട്ടികളും രക്ഷിതാക്കളും അത് പഠനനിറവിന് ഒരു നല്ല മരുന്നായി മനസിലുറപ്പിക്കാറുമുണ്ട്.മക്കളുടെ വിജയത്തിനുവേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്ത രക്ഷിതാക്കൾ ഇതൊരു ബുദ്ധിവികാസ മാർഗമായി പ്രാവർത്തികമാക്കാറുമുണ്ട്.

രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ എന്ന രീതിയിൽ കുട്ടികൾ ആഹ്ളാദിക്കാറുമുണ്ട്. മറവി കൂടുതൽ അഭിനയിച്ച് ചോക്കലെറ്റ് കരസ്ഥമാക്കുന്ന വിരുതരുമുണ്ട്.

യഥാർത്ഥത്തിൽ ചോക്കലേറ്റിൻ്റെ അമിത ഉപയോഗം ഗുണത്തേക്കാളേറെ മസ്തിഷ്കത്തിനു ദോഷം ചെയ്യും.പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഡിപ്രഷൻ ഉണ്ടാവാനുള്ള സാഹചര്യത്തിന് ആക്കം കൂട്ടും.പൊതുവെ ചോക്കലെറ്റിൽ അടങ്ങിയിട്ടുള്ള കഫൈയിൻ (Caffeine) മൂലം വിഷാദരോഗവും ഉത്കണ്ഠാരോഗവും വർദ്ധിക്കുന്നതായി കാണുന്നു.മധുരം കൂടുതൽ ഉള്ളതുകൊണ്ട് ഡയബറ്റിസിനും കാരണമായേക്കാം.കൊഴുപ്പിൻ്റെ അംശം ഹൃദയമിടിപ്പു കൂട്ടുകയും ഹൃദ്രോഗത്തിനു വഴി വയ്ക്കുകയും ചെയ്യും.ചർമ്മരോഗങ്ങൾ, ഡയേറിയ, തുടങ്ങിയവയ്ക്കും കാരണമായേക്കാം.കടുതൽ ചോക്കലേറ്റ് ദഹനക്കേടുണ്ടാക്കും ഉറക്കിളയ്ക്കുമ്പോൾ പലരും കട്ടൻകാപ്പി കുടിക്കുക പതിവാണ്. അപ്പോൾ ഉറങ്ങാതിരിക്കാനുള്ള ഉത്തേജനം കാപ്പിയിൽ നിന്നു ല ഭിക്കും. ഇതുപോലെ താൽക്കാലികമായി ഉത്തേജനം ലഭിക്കാനുള്ള ഒരു ഉത്തേജകവസ്തുവായിട്ടു മാത്രമേ ചോക്കലേറ്റിനെ കാണാനാവൂ. അതു നൽകുന്ന ഉത്തേജനം ബ്രയിനിനു നൽകുന്ന പ്രതിരോധമാണെന്നു ധരിക്കരുത്. ചോക്കലേറ്റിൽ അടങ്ങിയിരിക്കുന്ന കഫൈയിൻ തന്നെയാണ് ബ്രയിനിൽ പ്രവർത്തനമാന്ദ്യവും ഉണ്ടാക്കുന്നത്.വല്ലപ്പോഴും ഉപയോഗിക്കുന്നതു പോലല്ല തുടർച്ചയായിട്ടുപയോഗിക്കുമ്പോൾ. പരീക്ഷയുടെ ദിവസങ്ങളിൽ പഠിച്ചാൽ മനസിലാകാത്ത വിഷയങ്ങൾ പഠിക്കുന്നതിനു മുമ്പ് ഒരു ചോക്കലെറ്റു തിന്നുന്നത് നല്ലതാണ്. 30 ഗ്രാം മുതൽ 60 ഗ്രാം വരെ കഴിക്കാവുന്നതാണ്.കട്ടൻകാപ്പിയിലെ കഫൈൻ്റെ പ്രവർത്തനം പോലെയാണ് ചോക്കലൈറ്റിലുള്ള കഫൈയിനും പ്രവർത്തിക്കുന്നത്.താൽക്കാലികമായ ഗുണമുണ്ടെന്നു കരുതി തുടർച്ചയായിട്ടുള്ള ഉപയോഗം വളരെ ദോഷകരമാണെന്ന മുന്നറിയിപ്പാണ് ഇവിടെ നൽകുന്നത്. കാരണം ചോക്കലെറ്റു തിന്നാൽ ബുദ്ധി വളരുകയും മറവി ദൂരീകരിക്കുകയും ചെയ്യുമെന്ന് അടുത്ത കാലത്തു ചോക്കലെറ്റു നിർമ്മാണക്കമ്പനികൾ പരസ്യം ചെയ്യുകയുണ്ടായി.അതിൻ്റെ മറ പിടിച്ച് വിദ്യാഭ്യാസവും വിവരമുള്ളവർ പോലും കുട്ടികളേയും മാതാപിതാക്കളെയും ചോക്കലെറ്റിൻ്റെ ഗുണങ്ങൾ ബോധവൽക്കരിക്കുന്നതായി കാണുന്നു.അലസതയും മറവിയും പഠനവിരസതയുമുള്ള കുട്ടികൾക്കു പതിവായി ചോക്കലെറ്റു നൽകാൻ പ്രേരിതമാകുന്നു. കുട്ടികൾക്കെല്ലാം ചോക്കലറ്റിഷ്ടമാണ്.അതുകൊണ്ടുതന്നെ അമിത ഉപയോഗം ഉണ്ടാകും. പഠിക്കുന്ന കാര്യത്തിനുവേണ്ടി യായതുകൊണ്ട് മാതാപിതാക്കൾ അതു വാങ്ങിക്കൊടുക്കാൻ മടി കാണിക്കുകയുമില്ല. മദ്യം മസ്തിഷ്ക്കഞരമ്പുകൾക്ക് ഉത്തേജനം നൽകാറുണ്ട്. അത് ഏതാനം സമയത്തേക്കു മാത്രം. ചോക്കലെറ്റും നൽകുന്നത് മത്തുണ്ടാക്കലാണ്. മിതമായ അളവിൽ വല്ലപ്പോഴും ചോക്കലെറ്റു തിന്നുന്നതിൽ അപാകതയില്ല.ദിവസേന ആകരുത്.കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്നത് കഫൈയിൻ (caffeine) ആണ് കട്ടൻകാപ്പി കുടിക്കുന്നതും ചോക്കലെറ്റു തിന്നുന്നതും ഒരുപോലെയാണ് നമ്മുടെ ബ്രയിനിനെ ബാധിക്കുന്നത്.പരീക്ഷാകാലഘട്ടങ്ങളിൽ പഠനവിരസത തോന്നുമ്പോൾ മാത്രം ഇവ കഴിക്കാവുന്നതാണ്.നിത്യേന പാടില്ല.കൂടുതൽ ചോക്കലെറ്റു കഴിച്ച് വയറുവേദനയിലും വയറിളക്കത്തിലും അടുത്ത ദിവസത്തെ പരീക്ഷ മുടക്കരുതെന്നു സാരം.അതുപോലെ ആധികാരികമായി ദോഷഫലങ്ങൾ കാണാതെ ,’ചോക്കലെറ്റു പ്രവചനങ്ങൾ’ പ്രസംഗകരും ഉപദേശകരും ബോധവൽകരിക്കുന്ന സുഹൃത്തുക്കളും ഒഴിവാക്കണമെന്നഭ്യർത്ഥിക്കുന്നു. പാവം കുട്ടികളുടെ മസ്തിഷ്കത്തിനുണ്ടാക്കുന്ന ദോഷഫലങ്ങൾ ഒഴിവാക്കാനുള്ള യജ്ഞം നമുക്കു തുടരാം.

Next Post Previous Post