പ്രണയ മന:ശാസ്ത്രം
പ്രണയത്തിനൊരു മനശാസ്ത്രമുണ്ട്. ആണിനും പെണ്ണിനുമുണ്ടാകുന്ന പ്രേമാനുഭൂതിയുടെ പിന്നിൽ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഒരു മനശാസ്ത്രം.സന്തോഷവും ദുഖവും പ്രണയത്തിലുണ്ട്. സന്തോഷത്തിലും സാക്ഷാത്കാരത്തിലും നിർവൃതിയടയുന്ന പ്രണയവും നിഷേധത്തിലും ദുഖത്തിലും ദുരന്തങ്ങളിലും പ്രവേശിക്കുന്ന പ്രണയവും.
മനുഷ്യജന്മത്തോടൊപ്പംപഴക്കമുണ്ട് പ്രണയത്തിന്.ചരിത്രത്തിലൂടെ നമ്മൾ സഞ്ചരിക്കുകയാണെങ്കിൽ കൂടുതലും ദുരന്തങ്ങളായിരുന്നു പ്രണയഫലങ്ങൾ.വളരെ ചുരുക്കം മാത്രമേ സന്തോഷഭരിതമായ പ്രണയസാഫല്യത്തിന്റെ മധുരമറിഞ്ഞിട്ടുള്ളൂ. മറ്റുള്ളവയെല്ലാം ദുഖങ്ങളും ദുരന്തങ്ങളുമായിരുന്നു. ഇക്കാലഘട്ടത്തിലും ദുരന്തങ്ങൾ മാത്രം. അടുത്തയിടെ നമ്മൾ കണ്ട ദുരഭിമാന കൊലയും ഒരു പ്രണയദുരന്തമായിരുന്നല്ലോ. ചരിത്രകഥകളുണ്ട്, സാഹിത്യസൃഷ്ടികളുണ്ട്, ഖണ്ഡകാവ്യങ്ങളുണ്ട്. അവയിലൂടെ നമ്മൾ വായിച്ചറിഞ്ഞ കഥകളും അശുഭങ്ങളാൽ അലോസരപ്പെടുന്നതും ദുഖപര്യവസാനവും ആയിരുന്നു. ജാതിക്കും സമ്പത്തിനും അതീതമാണു പ്രണയം. പക്ഷെ ഒരു ദുരന്തമുണ്ടായിക്കഴിയുമ്പോൾ സടകുടഞ്ഞെണീക്കുന്ന സാമൂഹികപ്രതിഭാസമാണ് രാഷ്ട്രീയ പ്രേരിതമായ, ജാതീയമായ വിലയിരുത്തലുകൾ. രാഷ്ട്രീയവും ജാതിയും ഏറ്റെടുക്കുന്ന ന്യായീകരണ ഘോഷങ്ങൾ കണ്ടാൽ സങ്കടം തോന്നും. അടുത്തുകാലത്തു നടന്ന ദുരന്തത്തിൽ നഷ്ടപ്പെട്ടത് രണ്ടു കുടുംബങ്ങളുടെ ജീവിതം. സ്വപ്നങ്ങൾ ചാലിച്ചു നടന്നവരുടെ പരാജയമാണീ പ്രണയം. സ്വന്തം രക്തബന്ധങ്ങളെ വിട്ടുപിരിഞ്ഞ പെൺകുട്ടിയുടെ പ്രണയത്തിനു കുടുംബം സപ്പോർട്ടല്ലെന്നറിയാമായിരുന്നു. എന്തെങ്കിലും സംഭവിക്കുമെന്നും അതു തരണം ചെയ്യാമെന്നുമുള്ള തന്റെടവും പരാജയപ്പെടുന്നു. ഒളിച്ചോട്ടം എന്നു പറഞ്ഞാൽ പുറകെ ആളുകളുണ്ട്, എതിർപ്പുകളുണ്ട്. ഇങ്ങനെ സംഭവിക്കുമെന്ന് യുവതിയും യുവാവും വിചാരിച്ചിരിക്കില്ല. കൊലകൊണ്ടു നേരിട്ടവർക്കും ദുരന്തമല്ലേയുണ്ടായത്. അന്നുവരെ ഓമനിച്ചു വളർത്തിയ മാതാപിതാക്കളെ ധിക്കരിച്ചപ്പോൾ എല്ലാം നേടി എന്നഹങ്കരിക്കാൻ പാടില്ല. നല്ല നിലയിൽ ജീവിതസാഹചര്യമുണ്ടാക്കേണ്ട മാതാപിതാക്കൾ ക്രൂരമായ സന്നാഹങ്ങളുമൊരുക്കാൻ പാടില്ല. നാളുകൾ കഴിഞ്ഞു. ജാതി പറഞ്ഞവരും രാഷ്ട്രീയം പറഞ്ഞവരും ഇപ്പോ എങ്ങും കാണുന്നില്ല. പെൺകുട്ടിക്കു നൽകിയ പിന്തുണയിൽ എല്ലാം തീർന്നു എന്നു വിചാരിക്കരുത്. പെൺകുട്ടിയുടെ ജീവിതം സുരക്ഷിതമാണോ. ചിന്തിക്കുക പ്രേമദുരന്തങ്ങൾ. ഒരു സപ്പോർട്ടില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയും എന്ന വ്യാമോഹവും ദുരന്തങ്ങളുണ്ടാക്കുന്നു. നിഷേധങ്ങളുടെ സംസ്കാരം വളർന്നുവരുന്നു. നിയമങ്ങളുണ്ടാകുന്നു. ദുരന്തഭൂമിയാകാനുള്ള കാൽവയ്പുകൾ മാത്രം. സന്തോഷവും സമാധാനവും കുടുംബജീവിതത്തിലാണുണ്ടാകേണ്ടത്. ഇവിടെ നിന്നാണ് നന്മയും നാശവും ഭവിക്കുന്നത്. സുഖവും സന്തോഷവും ലഭിക്കാനുള്ള പ്രേമജീവിതവും കുടുംബത്തിന്റെ പിന്തുണയോടെയാണു വേണ്ടത്. എതിർപ്പുകളിലൂടെയുള്ള പ്രേമജീവിതം ശുഭകരമല്ല. കാരണം പ്രണയത്തിന് ഒരു മനശാസ്ത്രമുണ്ട്. ആ മനശാസ്ത്രം ബ്രയിനിൽ ലഭിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രേരണയാലുള്ളതാണ്. നമ്മളെ കീഴടക്കുന്ന അഡിക്ഷൻ. മദ്യത്തിന്റെ ലഹരിയിൽ മത്തു പിടിക്കുന്നതുപോലെ. മസ്തിഷ്കത്തിൽ ഉരുത്തിരിയുന്ന രാസവസ്തുക്കളാണ് നമ്മളിൽ പ്രണയം വളർത്തുന്നത്. ഒരു കാഴ്ച്ച, ഒരിഷ്ടം. അതുവളരുന്നു. ഡോപാമിൻ (Dopamine) എന്ന ബ്രയിൻ കെമിക്കലാണ് പ്രണയത്തെ മത്തു പിടിപ്പിക്കുന്നത്. നോർ എപ്പിനെഫ്രിൻ (norepinephrine) പ്രണയത്തിന്റെ ആകാംക്ഷ വളർത്തുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഇവ ലൈംഗികതയുടെ അതിപ്രസരത്തിനും വഴി തെളിക്കുന്നു. ശരിയായ ഒരു പ്രേമം ലൈംഗികചിന്താഗതിയില്ലാതെ അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ ശാരീരാനുഭുതിയും ലൈംഗികചിന്തകളുമാണ് പ്രണയത്തെ ആകാംക്ഷാഭരിതമാക്കുന്നത്. പ്രേമാരംഭത്തിൽ ചില ലക്ഷണങ്ങളുണ്ടാകും. ഹൃദയമിടിപ്പു കൂടുക. കൈവെള്ള വിയർക്കുക ഇതെല്ലാം ഡോപാമിൻ അധികരിക്കുന്നതുകൊണ്ടുതന്നെ അമിതാവേശം, പുതിയ സന്തോഷം കലർന്ന ഒരു ആലസ്യം, ഉറക്കമില്ലായ്മ, ദാഹം,വിശപ്പില്ലായ്മ എല്ലാം ഉണ്ടാകാം. പ്രണയാരംഭം എപ്പോഴും പുരുഷന്മാരിൽ നിന്നാകും ഉണ്ടാകുക. പെൺകുട്ടികളെ കാണുന്ന മാത്രയിൽ ഉള്ളിൽ മോഹം കടത്തിവിടുന്നത് രാസവസ്തുവാണ്. ഡോപാമിനുൾപ്പെട്ട രാസവസ്തുക്കൾ അമിതമായ ശ്രദ്ധ, താല്കാലിക ഓർമ്മശക്തി, ഉറക്കമില്ലായ്മ, ലക്ഷ്യപ്രാപ്തിക്കുള്ള ആവേശം, രക്തചംക്രമണവേഗത ഇവയുണ്ടാക്കാറുണ്ട്. സ്നേഹം വളരുമ്പോൾ സെറോടോണിൻ കുറയുന്നതായി കാണുന്നു. ഇവയുടെ കുറവ് ഒബ്സെസ്സീവ് കമ്പൽസീവ് ഡിസോർഡർ (obsessive compulsive disorder)ഉണ്ടാക്കും. സ്നേഹത്തോടുള്ള,പങ്കാളിയോടുള്ള ഒരിനം അഡിക്ഷൻ. OCD ഒരുമാനസികരോഗസ്വഭാവമാണ്. സ്വയം നിയന്ത്രിക്കാനൊക്കാത്ത ഒരു പ്രതിഭാസം. ബ്രയിൻകെമിക്കലുകൾ നമ്മുടെ മനസിൻ്റെ ചിന്താഗതിക്കനുസൃതമായിട്ടാണ് കൂടുതൽകുറവുകൾ കാണിക്കുന്നത്. നിയന്ത്രണാതീതമായവയാണ് ചികിത്സക്കുവിധേയമാക്കേണ്ടത്. നല്ലതും ചീത്തയും ചിന്താഗതികളിലൂടെ സ്വഭാവവിശേഷമായി കടന്നുവരും. സ്നേഹം, വിദ്വേഷം, കരുതൽ, അനുസരണ,നിഷേധം, അഹങ്കാരം, വാശി,ലൈംഗികത എല്ലാം മസ്തിഷ്കസൃഷ്ടികളാണ്. കണ്ടും കേട്ടും അനുഭവിച്ചും ചിന്തിച്ചും വരുത്തിവയ്ക്കുന്നവ. വരുംവരാതികൾ ചിന്തിക്കാതെ എന്തിനും എടുത്തുചാടിയാൽ ദുരന്തമായിരിക്കും ഫലം. പ്രണയം മാത്രമല്ല എല്ലാ കാര്യങ്ങൾക്കും ഇതു ബാധകമാണ്. ഓർമ്മിക്കണം, തുടക്കത്തിൽ ചിന്തിക്കണം. ദുരന്തങ്ങളൊഴിവാക്കി പ്രണയിക്കുന്നതെങ്ങനെയെന്ന്.
This article was also published in Pathanamthittamedia