പ്രളയശേഷം കടന്നുവരുന്ന മാനസികാഘാതം

/ Thomas Abraham


പ്രളയാനന്തരമുള്ള മാനസികസംഘർഷം ചിലർക്കെങ്കിലും മാനസിക വ്യതിചലനമുണ്ടാക്കും. മന:ശാസ്ത്രത്തിൽ ഇത്  പോസ്റ്റ് ട്രൗമാറ്റിക് സ്ട്രെസ്സ് ഡിസ്ഓർഡർ (PTSD) ആണ്.എല്ലാത്തരം ദുരന്തങ്ങളിൽ നിന്നോ മനസ്സു താങ്ങാനാവാത്ത മറ്റ് ആഘാതങ്ങളിൽ നിന്നോ സംഘർഷമുണ്ടാക്കുന്ന അവസ്ഥയാണിത്.

അനുഭവങ്ങളുടെ തിക്തകത മനസിൽ നിന്നു മായാതെ നിൽക്കുകയും വീണ്ടും ഇതുപോലെ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി മാത്രം ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ആദ്യകാലഘട്ടങ്ങളിൽ ദിനചര്യപോലും അവതാളത്തിലാകും.പകലാണെങ്കിലും പ്രളയാനുഭവങ്ങളിൽ കടന്നുവന്ന ശബ്ദങ്ങൾ,വെള്ളമൊഴുക്കിൻ്റെ,ബോട്ടുകളുടെ ഹെലികോപ്റ്ററുകളുടെ ശബ്ദാരവം എല്ലാം കൂടെയുണ്ടെന്നു തോന്നും.ഉറങ്ങാൻ പ്രയാസം.എപ്പോഴും ശബ്ദം കേട്ടും അപകടബിംബങ്ങൾ സ്വപ്നം കണ്ടും  ഞെട്ടിയുണരുന്നു. ദുസ്വപ്നങ്ങൾ. പകലാണെങ്കിൽ വീട്ടിൽത്തന്നെ ചില ഓർമ്മകളും ബിംബങ്ങളും പുറകെ വരുന്ന പ്രതീതി. വീടിനുള്ളിൽ കണ്ട ഇഴജന്തുക്കൾ അവിടെത്തന്നെ നിലയുറപ്പിച്ചെന്നു തോന്നുക. അതുകൊണ്ട് ആ ഭാഗങ്ങളിലേക്കു തിരീയാതെയോ എത്തിനോക്കാതിരിക്കുയോ ചെയ്യുന്ന ഭീതി. രാത്രി കിടക്കുമ്പോൾ അവ തൻ്റെയടുത്തേക്കിഴഞ്ഞുവരുന്നെന്നു തോന്നി ഞെട്ടിയുണരുക. കൂടെയുണ്ടായിരുന്ന ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ തനിക്കും അതേ അനുഭവം ഉണ്ടാകുമെന്ന ചിന്ത. ക്യാമ്പിൽ നിന്നു വീട്ടിൽ വന്നപ്പോൾ തകർന്നുപോയ വീടിൻ്റെ അവസ്ഥ കണ്ട് ഇനിയിതെങ്ങനെ ശരിയാകും എന്ന ഉത്ക്കണ്ഠയോടെ നിസ്സഹായകരായി നിന്നുപോകുന്നവർ.ഭാവിജീവിതം നിഗീർണ്ണമാകുന്ന അല്ലെങ്കിൽ വഴിയടഞ്ഞു പോകുമെന്ന വിവിധതരങ്ങളായ ഉത്ക്കണ്ഠ (anxiety) വച്ചു പുലർത്തുന്നവർ.ശുഭാപ്തിവിശ്വാസമില്ലാതെ മനസു തളരുന്നവരെല്ലാം PTSD എന്ന മാനസികാവസ്ഥയിലേക്കു കടന്നു വരാം.

അപകടസംഭവങ്ങൾക്കുശേഷം ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞാണ് മാനസിക സംഘർഷം ഉണർന്നു പ്രവർത്തിക്കുന്നത്.മനസിലുള്ള നിയന്ത്രണാതീതമായ സംഘർഷം വളർന്ന് ഇനി മുന്നോട്ടില്ലെന്ന അവസ്ഥ.ജനിതികമായി മാനസികവ്യതിചലനമുള്ളവർ ആത്മഹത്യാ ചിന്ത വളർത്തുകയും ചിലപ്പോൾ സഹികെട്ട് അതിനു തുനിയുകയും ചെയ്യുന്ന അവസ്ഥ.

 ഒരുമാസത്തിലധികം വിഷാദവും ഉത്ക്കണ്ഠയും വച്ചു പുലർത്തുന്നവർക്ക് ചില ശാരീരികമായ വ്യതിയാനങ്ങൾ വരെയുണ്ടാകുന്നു.മറവി,തലവേദന,അധികവിയർപ്പ്, മരവിപ്പ്,മസിലുകളിൽ വേദന, ഓക്കാനം, തുടങ്ങിയവ. ഏകതാബോധം, കൂട്ടില്ലാതെ ഒറ്റപ്പെടുക,ദ േഷ്യം, പൊട്ടിത്തെറി,അമിതമദ്യപാനം, വിശപ്പില്ലായ്മ എല്ലാം മാനസികസംഘർഷത്തിൻ്റെ ഫലമായുണ്ടാകാം.

അപകടസംഭവങ്ങൾ മറക്കാൻ ശ്രമിക്കുകയാണ് രോഗാവസ്ഥ ഒഴിവാക്കാനുള്ള എറ്റവും നല്ല മാർഗം.കൂട്ടം കൂടിയിരുന്നു സംഭവങ്ങൾ അതിഭാവുകത്വം കലർത്തി വിവരിക്കുന്ന സ്വഭാവം ചിലരിലുണ്ട്.മനസു തളർന്നിരിക്കുന്നവർക്ക് സംഘർഷം വളർത്താൻ മാത്രമേ അതിനു കഴിയൂ.മാധ്യമങ്ങളിലെ ആവശ്യമില്ലാത്ത ഉദ്വോഗജനകമായ വാർത്തകളും ചർച്ചകളും രോഗാവസ്ഥ കൂട്ടാനേ ഉതകു കയുള്ളൂ. മഴവെള്ളപ്പാച്ചിലിൻ്റെയും ഉരുളുപൊട്ടലിൻ്റെയും  പ്രത്യേക ഷോട്ടുകൾ , അതിനിയും സംഭവിക്കുമെന്ന വിഭ്രാന്തി ഇക്കൂട്ടരിൽ ഉണർത്തുന്നതുകൊണ്ട് മോടി പിടിപ്പിച്ച, ഭീതിയുണ്ടാക്കുന്ന വിഷ്വൽസും വിവരണങ്ങളും ഒരുപരിധി വരെ മാധ്യമങ്ങൾ ഒഴിവാക്കുന്നത് നല്ല സേവനമായിരിക്കും.അതു വീടുകളിൽ കണ്ടുകൊണ്ടിരിക്കുന്നതും നല്ലതല്ല. സംഭവസ്ഥലങ്ങൾ സന്ദർശിക്കാനുള്ള പ്രവണതയും നന്നല്ല.

സന്തോഷകരമായ കൂട്ടായ്മകൾ,മതപരമായ ആരാധനകൾ,കളികൾ, ഇഷ്ടപ്പെട്ട ആളുകളുമായുള്ള ഒത്തുചേരൽ ,നിത്യപ്രവർത്തിക ളിലോ ജോലികളിലോ വ്യാപൃതരാകുക,സംഗീതം,രസകരമായ സിനിമകൾ തുടങ്ങി സംഘർഷരഹിതമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും PTSD നിയന്ത്രണാധീനമാക്കാം.കൗൺസലിംഗും തെറാപ്പികളും പരജയപ്പെടുന്നിടത്ത് മരുന്നുകളുടെ അനിവാര്യത പ്രകടമാണ് ആവശ്യവുമാണ്.തുടക്കത്തിൽ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരുന്നുപയോഗം നീണ്ട കാലയളവിൽ ആവശ്യമായി വരും.മനസിലുണ്ടാകുന്ന പ്രശ്നങ്ങൾ മനസുകൊണ്ടുതന്നെ പരിഹരിക്കുക.അതിനു മന:ശാസ്ത്രവുമായി ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ തേടുക.

Previous Post