വീടു വിട്ടോടുന്ന കുട്ടികൾ
കുട്ടികൾ വീടു വിട്ടു പിരിയുന്നു.ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടാകുന്ന കുരുന്നുകളുടെ മാനസികദുർബലതയാണ് അവിടെ നമുക്കു കാണാവുന്നത്.
ഇന്നു നമ്മുടെയിടയിൽ കാണുന്ന വെല്ലുവിളിയാണോ തകരുന്ന സംസ്കാരത്തിൻ്റെ ശേഷിപ്പാണോ ഈ പ്രവണതയെന്ന് സാമൂഹ്യപ്രതിബദ്ധതയുള്ളവർ ഒത്തു കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ആൺകുട്ടികളൊന്നിച്ചും പെൺകുട്ടികളൊന്നിച്ചും ആണും പെണ്ണുമൊന്നിച്ചും തനിയെയും ഒളിച്ചോടുന്നവരുടെ മാനസികവൈകാരികത അല്ലെങ്കിൽ മാനസികവൈകല്യത കണ്ടുപിടിക്കണം. Love birds വളരുന്ന കൂടു നോക്കുക.തീറ്റയും സ്നേഹവും മുട്ടയിട്ടു കുട്ടികളെ വളർത്തുകയും ചെയ്യുന്ന ചര്യ.കിളി കൂട്ടിൽ നിന്നു ചാടിപ്പോയാൽ, പുറത്തുവിട്ടാൽ പിന്നെ അവ തിരിച്ചു വരില്ല.മറ്റു പക്ഷികളെപ്പോലെ സ്വയം ജീവിക്കാൻ സാധിക്കില്ല ലൗബേർഡ്സിന്.ആഹ്ളാദത്തോടെ പറക്കുന്ന ആ വഴി മരണം മാത്രം. ഇതുപോലെയാണ് തിരിച്ചു വരാത്ത നമ്മുടെ കുട്ടികൾ. വീട്ടിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ,അവഗണന,കഠിന ശിക്ഷകൾ പ്രോത്സാഹനമോ ആശ്വാസമോ ലഭിക്കായ്ക ഇവയെല്ലാം കുട്ടികളുടെ മനസിൽ സംഘർഷമുണ്ടാക്കുന്നു.സ്നേഹം ലഭിക്കുന്നില്ലെന്ന ചിന്ത അലട്ടുന്നു.ഇതേ അവസ്ഥയനുമഭവിക്കുന്ന മറ്റുകുട്ടികളെ സ്കൂളിലോ അയൽപക്കത്തോ കണ്ടു മുട്ടുകയാണെങ്കിൽ അവരൊന്നിച്ചൊത്തു ചേരുന്നതായി കാണാം.അവർ തമ്മിൽ സ്നേഹം പങ്കിടുന്ന സാഹചര്യങ്ങളുണ്ടാവാം. വീടുകളിലേക്കു പോകാൻ മടിക്കുന്ന അവർ നാടു വിടാൻ തീരുമാനിച്ചേക്കാം.ഒടുവിൽ അലഞ്ഞുനടന്നു തിരികെ വരികയോ ആത്മാഭിമാനം കാക്കാൻ ഒന്നിച്ചു മരിക്കുകയോ ചെയ്യും. പഴയ കാലങ്ങളിലും കുട്ടികളുടെ ഒളിച്ചോട്ടമുണ്ട്.തീക്കൊള്ളി വച്ച് ശരീരം പൊള്ളിക്കുക, ചട്ടുകം ചൂടാക്കി മർദ്ദിക്കുക, കാന്താരി അരച്ചു ചുണ്ടുകളിൽ തേയ്ക്കുക, പട്ടിണിക്കിടുക തുടങ്ങിയ കടുത്തശിക്ഷകളിൽ നിന്നു രക്ഷപെടാനൊരൊളിച്ചോട്ടം. അസഹനീയമായ പട്ടാളച്ചിട്ട നത്തുന്ന വീടുകളിലെ കുരുന്നുകളും തക്കം പാർത്തിരിക്കുന്നു കാണാതൊളിക്കാൻ. അഛനും അമ്മയും തമ്മിലുള്ള കലഹങ്ങൾ തീർന്ന് കുട്ടികളെ സ്നേഹിക്കാനൊക്കാത്ത അവസ്ഥയിൽ കൂട്ടു കൂടാതെ ഏകനായി വീടു വിട്ടുപോകാം. വൈകാരികനില (emotional quotient)കുറയുന്ന കുട്ടികളാണ് ഇങ്ങനെ ഒളിച്ചോടുന്നത്. പ്രായപൂർത്തിയായ കുട്ടികൾ പ്രണയവലയങ്ങളിൽ അകപ്പെട്ട് രക്തബന്ധസ്നേഹത്തെ തകർത്തുകൊണ്ടും വീടു വിട്ടുപോകാം.പ്രണയമന:ശാസ്ത്രം അഗാധമായി വിശകലനം ചെയ്യേണ്ട കാലഘട്ടം കൂടിയാണിത്.കുടുംബങ്ങൾക്കും സമൂഹത്തിനും ദുഖങ്ങൾക്കിടയാക്കുന്ന സ്നേഹബന്ധങ്ങളും സ്നേഹപ്പകയും വളർന്നു വരുന്നു.അവ പിന്നീടു നമുക്കു ശ്രദ്ധിക്കാം. വീട്ടിൽ ലഭിക്കാത്ത സ്നേഹവും കുറ്റപ്പെടുത്തലും വീടിനുള്ളിലെ അന്യോന്യം തോറ്റുകൊടുക്കാത്ത കലഹങ്ങളും ഉത്ക്കണ്ഠാരോഗം വിഷാദരോഗം ഇവയൊക്കെയാണ് കുട്ടികൾ ഒളിച്ചോടിപ്പോകാനിടയാക്കുന്ന കാരണങ്ങൾ. മനസിൽ നിറഞ്ഞുനിൽക്കുന്ന സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ തിരിച്ചുവരാതിരിക്കാനുള്ള വഴിയായി ആത്മഹത്യയും ഉണ്ടായേക്കാം. മുഖപ്രസാദമില്ലാതെ കുനിഞ്ഞു നടക്കുന്നവരാണിവർ കൂട്ടുകാരുമായി അധികം ഇടപെടാത്ത ഇവർ മിതഭാഷികളുമാണ്. വീട്ടിലും അധികമാരോടും സംസാരിക്കുന്ന പ്രകൃതമായിരിക്കില്ല. ദേഷ്യവും വാശിയും പൊട്ടിത്തെറിയും കാരണമില്ലാതെ കടന്നുവരും.ഗർഭകാലപ്രശ്നങ്ങളാൽ (pregnancy trauma)അല്ലെങ്കിൽ മറ്റു മാനസിക കാരണങ്ങളാൽ ഒതുങ്ങിപ്പോയ (hypo activity)കുട്ടികളും ഈ ഗണത്തിൽപെടുന്നു.അവരുടെ ചിന്താരീതികൾക്കു വ്യത്യാസമുണ്ടെന്നു മാത്രം.സാഹചര്യങ്ങളിൽപ്പെട്ടുഴലുന്ന ഇത്തരം കുട്ടികളെ കൗൺസലിംഗിനും സൈക്കോതെറാപ്പിക്കും വിധേയമാക്കേണ്ടതാണ്. ഒളിച്ചോടലും അതുവഴിയുണ്ടാകുന്ന ആത്മഹത്യകളും ഒഴിവാക്കാൻ വളരെ നേരത്തെ ശ്രമിച്ചില്ലെങ്കിൽ അവർ നമ്മുടെ കൈവിട്ടു പോകുമെന്നുള്ള ഒരു മുന്നറിയിപ്പായി കാണുക. www.lifeguidecentre.in
തോമസ് എബ്രഹാം കൗൺസലിംഗ് സൈക്കോളജിസ്റ്റ്.